നാറാണത്തെ 
                     ചിത്തശീലങ്ങള്‍

   
❝ അതെ’എന്നും ‘അല്ല’ എന്നുമുള്ള ഒരു വായനാദുരിതം എന്റെ കുരൽ ഞെരിക്കുന്നു.....

പ്രണയം മാതൃകകളില്ലാതെ തുടരുന്ന ഒന്നാകുന്നു.

ഈ പതിന്നാലു ലേഖകൾ എന്നെ അരാജകവും വിഭ്രാമകവുമായ നിലാവത്ത് നിർത്തി .അസ്ഫുടമായ സൗന്ദര്യമുള്ള ചില വാക്യങ്ങളുണ്ടിവയിൽ. അസ്പഷ്ടവ്യായാമങ്ങളുണ്ട്. ഹിതകരമായ ഊന്നലുകൾ അങ്ങിങ്ങുണ്ട്. ഇവരിൽ ചിലരെങ്കിലും വെയിലും മഴയും കൊണ്ടവർ. ഇണ്ടൽ പെയ്യുന്ന മരങ്ങൾക്കു കീഴെ നിൽ ക്കാൻ കെല്പുള്ളവർ. ഓരോരുത്തരേയും എടുത്ത് വാത്സല്യം കാണിക്കാൻ ഈ ചെറിയ കുറിപ്പിനു സാദ്ധ്യമല്ലെന്നറിയാമല്ലോ.

ചില ലേഖനങ്ങൾ വായിച്ചെത്തിക്കാനായില്ല. ചിലവ പലവട്ടം വായിക്കാൻ തോന്നി. കവിതയെഴുത്ത് എളുപ്പമോ അസാദ്ധ്യമോ അല്ലെന്ന് അറിഞ്ഞവരുണ്ട് ഈ കൂട്ടത്തിൽ. കവിയായിരിക്കുക എന്നാൽ എന്തെന്ന് എഴുത്തിനു പുറത്ത് വിചാരം കൊള്ളുന്നവർക്കേ ജീവിതത്തെ മുൻ നിർത്തുന്ന സർഗ്ഗോന്മാദം അനുഭവിക്കാനാകൂ. കവിത എന്താണെന്നല്ല എന്തല്ലെന്ന ധാരണയെങ്കിലും വേണമെന്നു തോന്നുന്നു. അതുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. എങ്കിലേ ഹിതകരമായി എഴുതാൻ കഴിയൂ എന്ന് ആരും പറയാതെ ഇവരറിയുന്നു... ഭാഷയോട് അക്രമാസക്തമായി ഇടപെടാൻ ഇവർ കാണിക്കുന്ന ധൈര്യം കൗതുകവും വിസ്മയവും ഉണ്ടാക്കി.

എന്നാൽ കവിത പരീക്ഷയോ പരീക്ഷണമോ അല്ല. മനുഷ്യൻ ആദ്യമായി ഉച്ചരിച്ച വാക്കിന്റെ ദീർഘമായ പരിണാമചരിത്രമായിരിക്കാം കവിത (എഴുത്ത്) എന്നു തോന്നുന്നു. അങ്ങനെയാണത് ചരിത്രാഖ്യാനം സാധിക്കുന്നത്. ‘നീ’ എഴുതുന്നത് ‘ഞാൻ’ എഴുതുന്നതിൽ നിന്ന് വ്യത്യസ്തമാകുന്നതും അങ്ങനെ.
ചില പൊട്ടത്തരങ്ങളുമുണ്ട് ഈ കൃതങ്ങളിൽ...സങ്കടപ്പെടുത്തുന്നുണ്ടവ.

ഇവ മാതൃകകളല്ല. എന്നാൽ ഇവയിൽ മുന്നറിയിപ്പുകളുണ്ട്. തീർച്ച. എഴുത്തിന്റെ ചട്ടങ്ങൾ പൊട്ടിക്കാൻ ഇവർക്കു മടിയില്ല എന്നത് ശുഭസൂചനയായി കാണാനാണെനിക്കിഷ്ടം. പഴക്കം മണക്കുന്ന കവികളോട് ഇനിമേൽ എഴുതരുതെന്ന് ഒച്ചയിടാൻ മടിയില്ല ഈ പുതുമൈപ്പിത്തന്മാർക്കെന്നും തോന്നുന്നു.

മലയാളകവിതയുടെ ഭാവി ഈ ഭീകരന്മാരുടെ തലയിലെടുത്തുവെയ്ക്കുന്നതും ശരിയല്ല. നുണ പറയാൻ ശ്രമിച്ചു നോക്കിയിട്ടും സാധിച്ചില്ല എന്നാണെന്റെ കുമ്പസാരം.

ഇത്രയേയുള്ളൂ...അല്ല, ഇത്രയുമുണ്ട്. അതിനാൽ ഞാൻ കുട്ടികളെ വായിക്കാറുണ്ട്... മുതിർന്ന ഇവരേയും.......
ഇനിയും വായിക്കാതിരിക്കില്ല. 
 സച്ചിദാനന്ദന്‍ പുഴങ്കര